ഭക്ഷ്യസുരക്ഷയ്ക്ക് ഇനി ജനറ്റിക് അനാലിസിസും; പുതിയ അത്യാധുനിക സേവനവുമായി ദുബായ് മുനിസിപ്പാലിറ്റി
എമിറേറ്റിലെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിപണിയിലെ ഭക്ഷ്യോത്പന്നങ്ങളിൽ ജനിതക മാറ്റം വരുത്തിയിട്ടുണ്ടോ (GMO) എന്ന് കണ്ടെത്താനുള്ള അത്യാധുനിക പരിശോധനാ സേവനവുമായി ദുബായ് മുനിസിപ്പാലിറ്റി. ഏറ്റവും പുതിയ ജനറ്റിക് അനാലിസിസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ദുബായ് സെൻട്രൽ ലബോറട്ടറിയിൽ ഈ പരിശോധനകൾ നടത്തുക. ഭക്ഷ്യോത്പന്നങ്ങളുടെ സുതാര്യത ഉറപ്പാക്കാനും വിപണിയിലെ ഉൽപന്നങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യത വർധിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കും.
കാർഷിക ഉൽപന്നങ്ങൾ, ഭക്ഷ്യ എണ്ണകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങി വിവിധയിനം ഉൽപന്നങ്ങളിലെ ജനിതക ഘടന വളരെ വേഗത്തിലും കൃത്യതയോടും കൂടി ഗുണപരമായും അളവുപരമായും (Qualitative and Quantitative) കണ്ടെത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി മുനിസിപ്പാലിറ്റി വികസിപ്പിച്ച ‘മൾട്ടിപ്ലക്സ് ടെസ്റ്റിങ്’ (Multiplex Testing) രീതി പരിശോധനാ നടപടികൾ വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കുന്നതാണ്. ഉൽപന്നങ്ങളുടെ പാക്കറ്റുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് ഉറപ്പുവരുത്താൻ സാധിക്കുന്നതിനാൽ ഉപഭോക്തൃ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കപ്പെടും.
ഭക്ഷ്യോത്പന്ന നിർമ്മാതാക്കൾ, ഇറക്കുമതിക്കാർ, മറ്റ് ഭക്ഷ്യസ്ഥാപനങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ദുബായിലെ നിലവിലുള്ള നിയമങ്ങൾക്കും രാജ്യാന്തര മാനദണ്ഡങ്ങൾക്കും അനുസൃതമായി, ജനിതക മാറ്റം വരുത്തിയ ഭക്ഷണങ്ങളുടെ പായ്ക്കറ്റുകളിൽ അത് വ്യക്തമാക്കുന്ന ലേബലുകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ ഈ പരിശോധന സഹായിക്കും.
ദുബായ് മുനിസിപ്പാലിറ്റിയുടെ ലബോറട്ടറി പരിശോധനാ സംവിധാനത്തിൽ വലിയൊരു വിപ്ലവമാണ് ഈ പുതിയ സേവനം വരുത്തുന്നതെന്ന് ദുബായ് സെൻട്രൽ ലബോറട്ടറി ഡിപാർട്ട്‌മെന്റ് ഡയറക്ടർ ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ ഭക്ഷ്യവിപണിയിൽ സുതാര്യത ഉറപ്പാക്കാനും സുസ്ഥിരമായ ഭക്ഷ്യസുരക്ഷാ സംവിധാനം കെട്ടിപ്പടുക്കാനും ഇത് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
'നോൺ-ജിഎംഒ പ്രോജക്ട്' അക്രഡിറ്റേഷനിലേക്ക്:
ജനിതക മാറ്റം വരുത്താത്ത ഉൽപന്നങ്ങൾ സാക്ഷ്യപ്പെടുത്തുന്ന പ്രമുഖ രാജ്യാന്തര അംഗീകാരമായ ‘നോൺ-ജിഎംഒ പ്രോജക്ട്’ (Non-GMO Project) അക്രഡിറ്റേഷൻ നേടാനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ ദുബായ് സെൻട്രൽ ലബോറട്ടറി. ഈ അംഗീകാരം ലഭിക്കുന്നതോടെ മധ്യപൂർവ്വദേശത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ ലബോറട്ടറികളിലൊന്നായി ഇത് മാറും. ബയോ ടെക്നോളജി രംഗത്തെ പ്രമുഖ ആഗോള കമ്പനികളുമായി സഹകരിച്ച് വിജ്ഞാന കൈമാറ്റവും പുതിയ പരിശോധനാ രീതികളും വികസിപ്പിക്കാനും ദുബായ് മുനിസിപ്പാലിറ്റിക്ക് പദ്ധതിയുണ്ട്.