ഇന്ത്യക്കാർക്ക് വിസ ഫ്രീ ട്രാൻസിറ്റ് പ്രഖ്യാപിച്ച് ജർമനി

 

ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് വലിയ ആശ്വാസമായി ജർമനിയുടെ പുതിയ പ്രഖ്യാപനം. ഇനി മുതൽ ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസയുടെ (Airport Transit Visa) ആവശ്യമില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ചരിത്രപരമായ തീരുമാനം.

ജനുവരി 12 മുതൽ 13 വരെ നടക്കുന്ന ജർമൻ വൈസ് ചാൻസലർ ഫ്രൈഡ്റിച്ച് മെഴ്സിന്റെ (Friedrich Merz) ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ പ്രഖ്യാപനമുള്ളത്. ഫെഡറൽ ചാൻസലറായി ചുമതലയേറ്റ ശേഷം മെഴ്സ് നടത്തുന്ന ആദ്യ ഏഷ്യൻ സന്ദർശനമാണിത്. ജർമനിയുടെ ഈ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.

വിസ ഫ്രീ ട്രാൻസിറ്റ് സൗകര്യം വരുന്നതോടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും ജർമനി വഴി യാത്ര ചെയ്യുന്നവർക്ക് നടപടിക്രമങ്ങൾ എളുപ്പമാകും. വിസയുമായി ബന്ധപ്പെട്ട അധിക സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഇതിലൂടെ ഒഴിവാക്കാനാകും. കൂടാതെ, വിദ്യാർത്ഥികൾ, ഗവേഷകർ, വിദഗ്ധ തൊഴിലാളികൾ എന്നിവരുടെ കൈമാറ്റത്തിന് ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ രൂപരേഖ തയ്യാറാക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.