ദുബൈയിൽ സ്വർണവില ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; 24 കാരറ്റിന് 456.25 ദിർഹം
ദുബൈയിൽ സ്വർണവിലയിൽ വൻ ഇടിവ്. ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് എട്ട് ദിർഹം കുറഞ്ഞ് ഗ്രാമിന് 456.25 ദിർഹമായി. 22 കാരറ്റിന് 422.50 ദിർഹം, 21 കാരറ്റിന് 405.25 ദിർഹം, 18 കാരറ്റിന് 347.25 ദിർഹം, 14 കാരറ്റിന് 271 ദിർഹം എന്നിങ്ങനെയാണ് ഇന്നത്തെ നിരക്കുകൾ.
ആഗോള വിപണിയിലും സ്വർണവില കുത്തനെ ഇടിഞ്ഞു. 2.08 ശതമാനം കുറഞ്ഞ് ഔൺസിന് 3,782 ഡോളറിലെത്തി. വെള്ളിവിലയിലും 3.47 ശതമാനത്തിന്റെ ഇടിവുണ്ടായി. ഔൺസിന് 45.83 ഡോളറാണ് നിലവിലെ നിരക്ക്. ഒക്ടോബർ പകുതി മുതൽ ദുബൈ വിപണിയിൽ സ്വർണവില തുടർച്ചയായി താഴുകയാണ്. ഇതോടെ ഗ്രാമിന് 500 ദിർഹത്തിൽ താഴെയായി വില.
ഊർജവിലയിലെ വർധന പണപ്പെരുപ്പം ഉയർത്തുമെന്ന ആശങ്കയും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്തുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലുമാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.