വേനൽച്ചൂടിന് വിട; യു.എ.ഇയിൽ താപനില കുറയുന്നു, മഴയ്ക്ക് സാധ്യത

 

കടുത്ത വേനൽച്ചൂടിൽ നിന്ന് ആശ്വാസം പകർന്ന് യു.എ.ഇയിൽ താപനില ക്രമേണ കുറയുന്നതോടെ രാജ്യത്ത് കാലാവസ്ഥാ മാറ്റത്തിന് തുടക്കമായി. വേനൽക്കാലത്തുനിന്ന് ശരത്കാലത്തിലേക്കുള്ള പരിവർത്തന ഘട്ടമാണിത്. ഒക്ടോബർ രണ്ടാം പകുതിയോടെ താപനില വീണ്ടും കുറയുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുകയും ചെയ്യും.

ഒക്ടോബർ പകുതിയോടെ മിതമായ കാലാവസ്ഥയും മഴയും കൊണ്ടുവരുന്ന 'അൽ വസ്മ്' സീസൺ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ഈ കാലയളവിൽ പകലിന്റെ ദൈർഘ്യം കുറയുകയും രാത്രിക്ക് ദൈർഘ്യം കൂടുകയും ചെയ്യും. ചെങ്കടലിലെയും അറബിക്കടലിലെയും ന്യൂനമർദങ്ങൾ കാരണം കിഴക്കൻ, പർവത മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണ്. ഇതോടൊപ്പം ശക്തമായ കാറ്റിനും പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറയാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.