ദമ്മാമിൽ നിന്ന് പ്രത്യേക സർവീസുകളുമായി ഗൾഫ് എയർ

 

മേഖലയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് ബഹ്‌റൈൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ. മാർച്ച് 11 മുതൽ സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം കേന്ദ്രീകരിച്ചാണ് ലണ്ടൻ, മുംബൈ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് ഗൾഫ് എയർ പ്രത്യേക വിമാനങ്ങൾ പറത്തുക. ബഹ്‌റൈനിലേക്ക് വരാനോ പോകാനോ നിയമപരമായി അർഹതയുള്ള യാത്രക്കാർക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക.

ബഹ്‌റൈനിലേക്കും തിരിച്ചുമുള്ള പതിവ് വിമാന സർവീസുകൾ നിർത്തിവെച്ചതോടെ പ്രതിസന്ധിയിലായ യാത്രക്കാർക്ക് പുതിയ നീക്കം ആശ്വാസമാകും. ഗൾഫ് എയറിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലെ പ്രത്യേക ലിങ്ക് വഴി യാത്രക്കാർക്ക് ബുക്കിംഗിനായി രജിസ്റ്റർ ചെയ്യാം. ഈ സർവീസുകളിൽ ബുക്കിംഗ് സ്ഥിരീകരിക്കുന്നവർക്ക് ബഹ്‌റൈനും ദമ്മാമും തമ്മിലുള്ള കരയാത്രാ സൗകര്യം ഗൾഫ് എയർ തന്നെ ഒരുക്കും. എന്നാൽ ബുക്കിംഗ് സ്ഥിരീകരണം ലഭിക്കാത്ത യാത്രക്കാർ യാതൊരു കാരണവശാലും വിമാനത്താവളത്തിലേക്ക് പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യോമാതിർത്തി സുരക്ഷിതമാണെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്‌സ് സ്ഥിരീകരിച്ച ശേഷം മാത്രമേ ബഹ്‌റൈനിൽ നിന്നുള്ള സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കൂ. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും gulfair.com/special-flights എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഗൾഫ് രാജ്യങ്ങളിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും എയർലൈൻ അറിയിച്ചു.