എച്ച്-1ബി വിസ: ഒരു ലക്ഷം ഡോളർ അഡീഷണൽ ഫീസ് ഒരു വർഷത്തേക്ക് നീട്ടി ഡൊണാൾഡ് ട്രംപ്
വിദേശ തൊഴിലാളികൾക്ക് എച്ച്-1ബി വിസ നൽകുന്നതിന് തൊഴിലുടമകളിൽനിന്ന് ഈടാക്കുന്ന ഒരു ലക്ഷം ഡോളർ അഡീഷണൽ ഫീസ് ഒരു വർഷത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിറക്കി. വിസ അപേക്ഷകളിലെ പരിശോധന കർശനമാക്കുന്ന പുതിയ പ്രസിഡൻഷ്യൽ ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. 2025-ൽ നടപ്പിലാക്കിയ ഈ ഫീസ് വർധനവിലൂടെ വൻകിട ഐ.ടി കമ്പനികളുടെ എച്ച്-1ബി രജിസ്ട്രേഷനിൽ 92 ശതമാനത്തിന്റെ കുറവുണ്ടായതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കൻ തൊഴിലാളികളുടെയും ബിരുദധാരികളുടെയും ജോലിസാധ്യതകൾ സംരക്ഷിക്കാനാണ് ഈ നടപടി.
ഫീസ് വർധനവിനെതിരെയുള്ള ഹർജികൾ ഫെഡറൽ കോടതികളുടെ പരിഗണനയിലിരിക്കെയാണ് പുതിയ തീരുമാനം. അമേരിക്കൻ സർവകലാശാലകളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർഥികൾക്കും നിലവിലെ വിസ പുതുക്കുന്നവർക്കും അധിക ഫീസ് ബാധകമല്ല. സമർപ്പിക്കപ്പെട്ട ലേബർ കണ്ടീഷൻ അപേക്ഷകൾ (LCA) പരിശോധിച്ച് നിയമലംഘനം നടത്തിയ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ലേബർ ഡിപ്പാർട്ട്‌മെന്റിന് 30 ദിവസത്തെ സമയം അനുവദിച്ചു. അമേരിക്കക്കാരായ ജീവനക്കാരെ പിരിച്ചുവിട്ട് പകരം എച്ച്-1ബി വിസക്കാരെ നിയമിക്കുന്ന കമ്പനികളുടെ അപേക്ഷകൾ കർശനമായി പരിശോധിക്കും. തീരുമാനം ഇന്ത്യൻ ഐ.ടി മേഖലയെയും വിദഗ്ധരെയുമാണ് ഏറ്റവുമധികം ബാധിക്കുക.