ഹജ്ജിന് നാളെ തുടക്കം; തീർഥാടകർ ഇന്ന് രാത്രി മിനായിലേക്ക് പുറപ്പെടും

 
ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് നാളെ ഔദ്യോഗിക തുടക്കമാകും. ഹജ്ജിന്റെ ആദ്യ ദിനമായ യൗമുത്തുർവിയ്യയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് തീർഥാടകർ ഇന്ന് രാത്രി മുതൽ മിനായിലേക്ക് നീങ്ങും. മക്കയിലെ താമസ കേന്ദ്രങ്ങളിൽ അവസാന ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് തീർഥാടകർ പുണ്യഭൂമിയായ മിനാ താഴ്വര ലക്ഷ്യമാക്കി പുറപ്പെടുന്നത്.ഇത്തവണ ഏകദേശം 18 ലക്ഷം പേരാണ് ഹജ്ജിനായി സൗദി അറേബ്യയിലെത്തിയിരിക്കുന്നത്. ഇതിൽ 15 ലക്ഷത്തിലധികം പേർ വിദേശ തീർഥാടകരാണ്. ആഭ്യന്തര തീർഥാടകരും നാളെ വൈകുന്നേരത്തോടെ മിനായിൽ എത്തിച്ചേരും.
ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ അറഫാ സംഗമം ചൊവ്വാഴ്ചയാണ് നടക്കുന്നത്. മിനായിൽ ഒരു രാത്രി ചെലവഴിച്ച ശേഷം തീർഥാടകർ അറഫയിലേക്ക് നീങ്ങും. അവിടെ പകൽ മുഴുവൻ പ്രാർത്ഥനകളിൽ മുഴുകിയ ശേഷം അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് യാത്രതിരിക്കും.തുടർന്ന് ബുധനാഴ്ച രാവിലെ വീണ്ടും മിനായിൽ തിരിച്ചെത്തി, അവിടെ മൂന്ന് ദിവസത്തെ രാപ്പാർപ്പും ബലി കർമവും ജംറകളിലെ കല്ലേറും പൂർത്തിയാക്കുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് സമാപനമാകും.ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജിനായി എത്തിയിരിക്കുന്നത്. ഇതിൽ 13,194 പേർ കേരളത്തിൽ നിന്നുള്ളവരാണ്.