ഹജ്ജ് തീർഥാടനം: ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20 വരെ; ഖത്തറിൽ നടപടികൾ പുരോഗമിക്കുന്നു
ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർഥാടനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20-ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക ഹജ്ജ് പോർട്ടലായ hajj.gov.qa വഴി തീർഥാടകർക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനങ്ങളും പേയ്മെന്റ് രീതികളും മന്ത്രാലയം പരിഷ്കരിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന ഹജ്ജ് സീസണിൽ ഖത്തറിനായി 4,400 പേരുടെ ക്വോട്ടയാണ് അനുവദിച്ചിട്ടുള്ളത്. ഖത്തരി പൗരന്മാർക്ക് അപേക്ഷിക്കാൻ കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം. രാജ്യത്തെ വിദേശ താമസക്കാർക്കും ജി.സി.സി പൗരന്മാർക്കും അപേക്ഷിക്കാമെങ്കിലും കുറഞ്ഞത് 45 വയസ്സ് പ്രായമുള്ളവരും, മുൻപ് ഹജ്ജ് നിർവഹിക്കാത്തവരും, തുടർച്ചയായി 15 വർഷമായി ഖത്തറിൽ താമസിക്കുന്നവരുമായിരിക്കണം.
രജിസ്ട്രേഷൻ പൂർത്തിയായ ശേഷം പരിശോധന നടത്തി ഒക്ടോബർ അവസാനത്തോടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് എസ്.എം.എസ് വഴി അറിയിപ്പ് ലഭിക്കും. അപേക്ഷകർ രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. സംശയങ്ങൾക്കായി 132 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.