ഹജ്ജ് ഒരുക്കങ്ങൾ തുടങ്ങി; പുതിയ ഉംറ വിസകൾ നിർത്തിവെച്ച് സൗദി അറേബ്യ
വിശുദ്ധ ഹജ്ജ് കർമ്മത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ഉംറ വിസകൾ അനുവദിക്കുന്നത് സൗദി ഹജ്ജ് ഉംറ മന്ത്രാലയം നിർത്തിവെച്ചു. ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി മാർച്ച് 19 (ഇന്ന്) മുതൽ പുതിയ വിസകൾ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ ഉംറ വിസ കൈവശമുള്ളവർക്ക് ഏപ്രിൽ 2 വരെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ട്. എന്നാൽ, രാജ്യത്തെത്തുന്ന എല്ലാ ഉംറ തീർത്ഥാടകരും ഏപ്രിൽ 18-നകം (ദുൽഖഅദ് 1) മടങ്ങണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി. നിശ്ചിത സമയപരിധിക്കപ്പുറം രാജ്യത്ത് തുടരുന്നത് നിയമലംഘനമായി കണക്കാക്കും.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് വിമാനങ്ങൾ റദ്ദാക്കുന്നതോ വൈകുന്നതോ മുൻകൂട്ടി കണ്ട് യാത്രകൾ നേരത്തെ പ്ലാൻ ചെയ്യണമെന്ന് മന്ത്രാലയം തീർത്ഥാടകരെ ഓർമ്മിപ്പിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാൻ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും റിപ്പോർട്ട് ചെയ്യണം. ഹജ്ജ് വിസ ഇല്ലാതെ ഉംറ വിസയിൽ ഹജ്ജ് കർമ്മം നിർവഹിക്കാൻ അനുവദിക്കില്ലെന്നും മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
English Slug: Saudi Ministry of Hajj and Umrah stops issuing Umrah visas for Hajj 2026 season; departure deadline set for April 18.