ഹമാസ് സേനാവിഭാഗം തലവൻ മുഹമ്മദ് ദെയ്ഫിനെ വധിച്ചു; കൊല്ലപ്പെട്ടത് ബോംബാക്രമണത്തിലെന്ന് ഇസ്രയേൽ

 

ഗാസയിൽ ഇസ്രയേലുമായി യുദ്ധംചെയ്യുന്ന പലസ്തീൻ സായുധസംഘടനയായ ഹമാസിന്റെ സേനാവിഭാഗം തലവൻ മുഹമ്മദ് ദെയ്ഫ് (59) കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. ജൂലായ് 13-ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിൽ ദെയ്ഫ് കൊല്ലപ്പെട്ടെന്ന് വ്യാഴാഴ്ചയാണ് ഇസ്രയേൽസൈന്യം സ്ഥിരീകരിച്ചത്. ഹമാസ് രാഷ്ട്രീയകാര്യമേധാവി ഇസ്‍മയിൽ ഹനിയെ ഇറാനിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ദെയ്ഫിന്റെ മരണവാർത്തയെത്തുന്നത്.

ജൂലായിലെ ആക്രമണത്തിനുശേഷം ദെയ്ഫ് ജീവനോടെയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഹമാസ് മരണവിവരത്തോട് പ്രതികരിച്ചിട്ടില്ല. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ കൂട്ടക്കൊലയും തട്ടിക്കൊണ്ടുപോകലും ആസൂത്രണംചെയ്ത് നടപ്പാക്കിയത് എസദ്ദിൻ അൽ ഖസാം ബ്രിഗേഡിന്റെ മേധാവി ദെയ്ഫാണെന്നാണ് ഇസ്രയേൽസൈന്യത്തിന്റെ ആരോപണം. ദെയ്ഫിനെ ലക്ഷ്യമിട്ട് ജൂലായിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ഖാൻ യൂനിസ് ബ്രിഗേഡ് കമാൻഡർ റാഫ സലാമ കൊല്ലപ്പെട്ടിരുന്നു. നൂറോളം അഭയാർഥികളും മരിച്ചു.