ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം; വ്യക്തമാക്കി ഹമാസ്
ഇസ്രയേൽ ഗാസയിൽ വെടിനിർത്തലിന് തയ്യാറാവുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്. ഇസ്രയേൽ ചാര മേധാവിയുമായി നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ കരാർ അവതരിപ്പിക്കുകയാണെങ്കിൽ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ് വ്യക്തമാക്കിയത്.
ഇസ്രയേൽ സൈന്യം ഗാസയിൽനിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ലെന്നും ഗാസയിലേക്ക് അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കാൻ സാധിക്കണമെന്നും ഹമാസ് അറിയിച്ചു. ഇരുവിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്റെ പുറത്ത് വിട്ടയക്കണമെന്നും ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങളിലുണ്ട്.
ഗാസയിൽ വെടിനിർത്തൽ കരാർ കൊണ്ടുവരാൻ ഈജിപ്തിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. കെയ്റോയിൽവെച്ച് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തങ്ങളുടെ വിഭാഗം ചർച്ച നടത്തിയതായി ഹമാസ് വ്യക്തമാക്കി. ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമവായ ചർച്ചക്ക് ഹമാസും ഇസ്രയേലും തയ്യാറായത്. ഈജ്പിതിന്റെ ഭാഗത്തുനിന്നുള്ള ഈ ശ്രമം സ്വാഗതാർഹമാണെന്ന് ഇസ്രയേലും പ്രതികരിച്ചു. കെയ്റോയിലെ ചർച്ചകൾക്കുശേഷം ഖത്തറിൽ മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുമെന്നും മൊസാദിന്റെ പ്രതിനിധികളെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിലേക്ക് അയച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.