ഹാന്റവൈറസ്: കുവൈത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം; നിരീക്ഷണം ശക്തമാക്കി

 

ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഹാന്റവൈറസ് (Hantavirus) റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, കുവൈത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഗോളതലത്തിലുള്ള സംഭവവികാസങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പൊതുജനാരോഗ്യ മേഖലയിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കുവൈത്ത് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (Kuwait CDC) നേതൃത്വത്തിൽ പകർച്ചവ്യാധി സൂചകങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ട്. ലബോറട്ടറി പരിശോധനകൾ വർധിപ്പിക്കുക, പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുക, അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുമായി ഏകോപനം നിലനിർത്തുക തുടങ്ങിയ മുൻകരുതലുകൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഈ വൈറസിന് വലിയ തോതിലുള്ള സമൂഹവ്യാപനം ഇല്ലാത്തതിനാൽ കുവൈത്തിൽ നിലവിൽ ഭീഷണിയില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.

രോഗബാധിതരായ എലികളിൽ നിന്നോ അവയുടെ വിസർജ്യങ്ങളാൽ മലിനമായ ചുറ്റുപാടുകളിൽ നിന്നോ ആണ് ഹാന്റവൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ഈ വൈറസ് പകരുന്നത് വളരെ അപൂർവ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്നുള്ള ഒരു ക്രൂയിസ് കപ്പലിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് വൈറസിനെക്കുറിച്ച് ആഗോളതലത്തിൽ ചർച്ചകൾ ആരംഭിച്ചത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള എല്ലാ ദ്രുത പ്രതികരണ സംവിധാനങ്ങളും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.