സൗദിയിൽ ഈന്തപ്പഴ വിളവെടുപ്പ് സീസൺ ആരംഭിച്ചു; വിപണിയിൽ തരംഗമായി ‘റാബിയ റുതാബ്’
സൗദി അറേബ്യയിൽ ഈ വർഷത്തെ ഈന്തപ്പഴ വിളവെടുപ്പ് സീസണ് തുടക്കമായി. വിവിധ പ്രവിശ്യകളിൽ വിളവെടുപ്പ് സജീവമായതോടെ പ്രാദേശിക വിപണികളിലേക്ക് പുതിയ ഈന്തപ്പഴങ്ങൾ വൻതോതിൽ എത്തിത്തുടങ്ങിയതായി നാഷനൽ സെന്റർ ഫോർ പാം ആൻഡ് ഡേറ്റ്സ് വ്യക്തമാക്കുന്നു.
വിപണിയിൽ ആദ്യമെത്തിയ ഇനങ്ങളിൽ പ്രധാനി 'റാബിയ റുതാബ്' ആണ്. എല്ലാ വർഷവും ജൂൺ ആദ്യത്തോടെ പാകമാകുന്ന ഈ ഇനമാണ് സൗദിയിലെ ഈന്തപ്പഴ സീസണിന് തുടക്കമിടാറുള്ളത്. ഉയർന്ന പോഷകഗുണങ്ങളുള്ള റാബിയ റുതാബിന് വിപണിയിൽ വലിയ ആവശ്യക്കാരാണുള്ളത്.
ഈന്തപ്പഴ ഉൽപ്പാദനത്തെയും വിപണിയെയും കുറിച്ച് ഉപഭോക്താക്കളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ട് അധികൃതർ 'ബഷെർ അൽ റുതാബ്' എന്ന പേരിൽ പ്രത്യേക ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിപണിയിൽ എത്തിക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. രാജ്യത്തെ ഈന്തപ്പഴ വിപണിയിലെ വ്യാപാരവും സാമ്പത്തിക പ്രവർത്തനങ്ങളും വർദ്ധിപ്പിക്കാൻ പുതിയ സീസൺ വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ.