ബാങ്ക് തട്ടിപ്പിന് ഇരയായോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

 

യുഎഇയിൽ ഓൺലൈൻ ബാങ്ക് തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടാൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ ഓർമ്മിപ്പിച്ചിരിക്കുകയാണ് അധികൃതർ. തട്ടിപ്പ് നടന്നതായി മനസ്സിലായാൽ ആദ്യം ചെയ്യേണ്ടത് ബാങ്കിനെ ഉടനടി വിവരം അറിയിക്കുകയാണ്. കാർഡും അക്കൗണ്ടും ബ്ലോക്ക് ചെയ്ത്, ഔദ്യോഗികമായി പരാതി നൽകി അനധികൃത ട്രാൻസാക്ഷനുകൾ റിപ്പോർട്ട് ചെയ്യണം. തുടർന്ന് ബന്ധപ്പെട്ട പോലീസിൽ, സൈബർ ക്രൈം പരാതി നൽകുകയും എല്ലാ തെളിവുകളും ,അതായത് ഇടപാടുകളുടെ രേഖകൾ, ഇമെയിൽ /വാട്‌സ്ആപ്പ് സന്ദേശങ്ങൾ, സ്‌ക്രീൻഷോട്ടുകൾ, കോൾ വിവരങ്ങൾ എന്നിവ കൈമാറണം. ബാങ്കിൻറെ അന്വേഷണം പൂർത്തിയാകുന്നതുവരെ പരാതി നമ്പറും മറ്റെല്ലാ രേഖകളും സൂക്ഷിച്ചു വയ്ക്കണം.ബാങ്കിന്റെ അന്വേഷണത്തിൽ തൃപ്തികരമല്ലെങ്കിൽ യുഎഇ സെൻട്രൽ ബാങ്കിന്റെ ഉപഭോക്തൃ സംരക്ഷണ സംവിധാനത്തിലും പരാതി നൽകാം.

ബാങ്കിൻറെ സുരക്ഷാ വീഴ്ച മൂലമാണ് പണം നഷ്ടമായതെന്ന് തെളിഞ്ഞാൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ബാങ്കിനുണ്ട്. അതേസമയം ഉപഭോക്താവിന്റെ അശ്രദ്ധ മൂലമാണ് പണം നഷ്ടമായതെങ്കിൽ ബാങ്കിന് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയില്ല. അതുകൊണ്ടുതന്നെ ഓൺലൈൻ ബാങ്കിങ് ഉപയോഗിക്കുമ്പോൾ ഒടിപി, പാസ്വേഡ്, ബാങ്ക് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുതെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല ബാങ്ക് ഇടപാടുകളുടെ രേഖകൾ, സന്ദേശങ്ങൾ, സ്‌ക്രീൻഷോട്ടുകൾ, മറ്റ് തെളിവുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതും വളരെ പ്രധാനമാണ്.