കുവൈത്തിൽ ചൂട് കനക്കുന്നു; വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യത, താപനില 48 ഡിഗ്രി വരെ ഉയർന്നേക്കും
Jun 12, 2026, 16:15 IST
കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂട് അതിശക്തമാകുമെന്നും ഒപ്പം ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയ്ക്കൊപ്പം വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയാനും ദൃശ്യപരത (Visibility) ഗണ്യമായി കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ചൂടുള്ള വായു പിണ്ഡത്തോടൊപ്പമുള്ള ഉപരിതല താഴ്ന്ന മർദ്ദ സംവിധാനം രൂപപ്പെടുന്നതാണ് രാജ്യത്ത് താപനില ഉയരാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ ഏഴ് മുതൽ കുവൈത്ത് കടുത്ത വേനലിന്റെ തുടക്കമായ ‘തുറയ’ (Thuraya) സീസണിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. താപനിലയിലെ പെട്ടെന്നുള്ള വർദ്ധനവും വരണ്ട പൊടിക്കാറ്റും ഈ സീസണിന്റെ പ്രധാന പ്രത്യേകതകളാണ്.
കാലാവസ്ഥാ പ്രവചനം ഇങ്ങനെ:
- വെള്ളിയാഴ്ച: പകൽ സമയത്ത് കടുത്ത ചൂട് അനുഭവപ്പെടും. മണിക്കൂറിൽ 20 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. രാത്രിയിലും ചൂട് തുടരും. കുറഞ്ഞ താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.
- ശനിയാഴ്ച: പകൽ സമയത്ത് മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റായിരിക്കും. പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ തുടരും. എന്നാൽ ശനിയാഴ്ച രാത്രിയോടെ തീരപ്രദേശങ്ങളിൽ ചൂടിനൊപ്പം ഈർപ്പമുള്ള (Humidity) കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. രാത്രിയിലെ കുറഞ്ഞ താപനില 26 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.