യു.എ.ഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു, താപനില 18 ഡിഗ്രി സെൽഷ്യസ് വരെ താഴും

 

യു.എ.ഇയിൽ ഞായറാഴ്ച (നവംബർ 22) തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. രാവിലെ രാജ്യത്തിന്റെ ചില ഉൾപ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ള കനത്ത മൂടൽമഞ്ഞ് രൂപപ്പെടുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് കാലാവസ്ഥാ വകുപ്പ് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ദ്വീപുകളിലും ചില തീരദേശ, കിഴക്കൻ മേഖലകളിലും ഇടയ്ക്കിടെ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്തുടനീളം പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ദുബൈ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ദുബൈയിൽ കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കുമ്പോൾ, അബൂദബിയിൽ 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും 23 ഡിഗ്രി സെൽഷ്യസ് വരെ താഴാനും സാധ്യതയുണ്ട്. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിൽ താപനില 18 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില തീരദേശ, ഉൾപ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളിൽ ശക്തിപ്രാപിച്ച് മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കാം. അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.