റോഡിലെ മഞ്ഞവര മറികടന്ന് വാഹനമോടിച്ചാൽ കനത്ത ശിക്ഷ; 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ഈടാക്കുമെന്ന് അബൂദബി പോലീസ്

 

റോഡുകളിലെ അടിയന്തര പാതയായ ഹാർഡ് ഷോൾഡറിലൂടെ മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി അബൂദബി പോലീസ് രംഗത്തെത്തി. ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനായി ഈ പാത ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്നും, നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 1,000 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റും ചുമത്തുന്നതാണ്.

അടിയന്തര പാതയിലൂടെ നിയമവിരുദ്ധമായി വാഹനങ്ങളെ മറികടന്നുപോകുന്ന ദൃശ്യങ്ങൾ അബൂദബി പോലീസ് ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനോ ഗതാഗത തടസ്സം മറികടക്കാനോ ഹാർഡ് ഷോൾഡർ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

ഡ്രൈവർമാരുടെ ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തികൾ മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതിനൊപ്പം, ആംബുലൻസ്, സിവിൽ ഡിഫൻസ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെയും സാരമായി തടസ്സപ്പെടുത്തും. അപകടസ്ഥലങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് അതിവേഗം എത്തിച്ചേരാനും ജീവൻ രക്ഷാ പ്രവർത്തനങ്ങൾ കൃത്യസമയത്ത് നടത്താനും അടിയന്തര പാതകൾ എപ്പോഴും തടസ്സങ്ങളില്ലാതെ ഒഴിച്ചിടേണ്ടത് അനിവാര്യമാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു.