കനത്ത മഴ മുന്നറിയിപ്പ്; സൗദിയിലെ അസീറിൽ ഇന്നും ഓൺലൈൻ ക്ലാസുകൾ തുടരും

 

സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ഇന്നും ക്ലാസുകൾ ഓൺലൈനായി തുടരും. നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കി 'മദ്റസത്തീ' പ്ലാറ്റ്ഫോം വഴി വിദ്യാഭ്യാസം തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അബഹ, ഖമീസ് മുഷൈത്ത് ഉൾപ്പെടെ റെഡ് അലേർട്ട് പ്രഖ്യാപിച്ച മേഖലകളിലെ സ്കൂളുകൾക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ കനത്ത മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

അഹദ് റുഫൈദ, സറാത്ത് അബീദ, അൽ നമാസ്, ബീഷ തുടങ്ങി പ്രവിശ്യയിലെ മിക്ക ഭാഗങ്ങളിലും മഴ കനക്കാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത പാലിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.