കനത്ത മഴ; ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാഴാഴ്ച വരെ അടച്ചിടും, നാളെ മുതൽ ഓൺലൈൻ പഠനം

 

ഒമാനിൽ അനുഭവപ്പെടുന്ന ന്യൂനമർദ്ദത്തെയും കനത്ത മഴ സാധ്യതയെയും തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ മുതൽ പഠനം ഓൺലൈൻ രീതിയിലേക്ക് മാറ്റാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ദോഫാർ, ബാത്തിന ഗവർണറേറ്റുകൾ ഒഴികെയുള്ള രാജ്യത്തെ എല്ലാ ഗവൺമെന്റ്-സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും കോളേജുകൾക്കും ഈ ഉത്തരവ് ബാധകമാണ്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് വിദ്യാലയങ്ങൾ വ്യാഴാഴ്ച വരെ അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. ഈ ദിവസങ്ങളിൽ ഇ-ലേണിങ് പ്ലാറ്റ്‌ഫോമുകൾ വഴിയായിരിക്കും ക്ലാസുകൾ നടക്കുക.

ദോഫാറിലെയും ബാത്തിനയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ പതിവുപോലെ തുടരും. ഒമാനിൽ ചെറിയ പെരുന്നാൾ അവധി കഴിഞ്ഞ് സ്ഥാപനങ്ങൾ നാളെ തുറക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി കാലാവസ്ഥാ വ്യതിയാനം കാരണം പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴയെത്തുടർന്നുണ്ടാകാൻ സാധ്യതയുള്ള ഗതാഗത തടസ്സങ്ങളും വദികൾ കവിഞ്ഞൊഴുകാനുള്ള സാധ്യതയും കണക്കിലെടുത്താണ് വിദ്യാലയങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചത്. സാഹചര്യം വിലയിരുത്തിയ ശേഷം ക്ലാസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. രക്ഷിതാക്കളും വിദ്യാർത്ഥികളും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.