യു.എ.ഇയിൽ നാല് ദിവസം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
യു.എ.ഇയിൽ ഇന്നു മുതൽ അടുത്ത നാല് ദിവസത്തേക്ക് വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCMS) അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും പൊടിപടലങ്ങളും ഉയർന്നേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഉൾപ്രദേശങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
തീരദേശങ്ങളിലും ഉൾനാടുകളിലും അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെ ഉയർന്നേക്കാം. രാത്രിയിലും രാവിലെയും പടിഞ്ഞാറൻ മേഖലകളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ്, മലയോര മേഖലകളിൽ 55 കി.മീറ്റർ വരെ ശക്തമായേക്കാം.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കിഴക്കൻ, വടക്കൻ മേഖലകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.