ഒമാനിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദ്ദേശം

 

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാവിലെ 7 മണി മുതൽ പത്ത് മണി വരെയുള്ള സമയത്തിനുള്ളിൽ മഴ ശക്തമാകാനാണ് സാധ്യത. മുസന്ദം മുതൽ ബുറൈമി, നോർത്ത് ബാത്തിന, ദാഹിറ, ദാഖലിയ എന്നിവിടങ്ങളിലേക്ക് മഴ വ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മസ്‌കത്ത്, സൗത്ത് ബാത്തിന, നോർത്ത് ശർക്കിയ, സൗത്ത് ഷർക്കിയ, അൽ വുസ്ത എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തേക്കാം.

മഴയ്‌ക്കൊപ്പം തന്നെ മണിക്കൂറിൽ 37 മുതൽ 92 കിലോമീറ്റർ വേഗതയിൽ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയാൻ ഇടയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ദോഫാർ മേഖലയിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.

വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ഇത്തരം ഇടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സജ്ജമാണ്. ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.