വടക്കൻ ഒമാനിൽ കനത്ത മഴയും ഇടിമിന്നലും; ആലിപ്പഴ വർഷം തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

 

വടക്കൻ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് കനത്ത മഴമേഘങ്ങളുടെ സാന്നിധ്യം കൂടുതലായുള്ളത്. പെരുന്നാൾ അവധിക്കാലത്ത് യാത്ര പോകുന്നവർക്ക് ഈ മഴ ചൂടിന് വലിയ ആശ്വാസമാണ് നൽകുന്നത്. വടക്കൻ ബാത്തിനയിലെ അഖർ, ഷിനാസ് ഫലജ്, സുഹാർ തുടങ്ങിയ മേഖലകളിൽ ഇതിനോടകം തന്നെ ശക്തമായ മഴ ലഭിച്ചു കഴിഞ്ഞു.

സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച മുതൽ കനത്ത ഇടിമിന്നലോട് കൂടിയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ മൾട്ടി ഹസാർഡ് ഏർളി വാണിങ് സെന്റർ മുന്നറിയിപ്പ് നൽകി. മസ്‌കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ്യ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന എന്നിവയ്ക്ക് പുറമെ തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചേക്കും. മഴയും ആലിപ്പഴ വർഷവും കാരണം റോഡുകളിൽ കാഴ്ചപരിധി കുറയാനും വാദികൾ (നീരൊഴുക്കുകൾ) പെട്ടെന്ന് നിറയാനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും വാദികൾക്ക് സമീപവും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഒമാൻ അധികൃതർ നിർദ്ദേശിച്ചു. സാഹചര്യം മാറുന്നതിനനുസരിച്ച് ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണം. യാത്രക്കാർ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

English Slug: Heavy rain, lightning and hail reported in Northern Oman; weather alert issued for several governorates.