ഒമാനിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും വാഹനയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദോഫാർ തീരപ്രദേശങ്ങളിലും സമീപ മലനിരകളിലും മേഘാവൃതമായ കാലാവസ്ഥയ്ക്കും ചാറ്റൽമഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടലിന്റെയും ഒമാൻ കടലിന്റെയും തീരമേഖലകളിൽ മൂടൽമഞ്ഞും താഴ്ന്ന മേഘങ്ങളും രൂപപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഉച്ചയ്ക്കുശേഷം അൽ ഹജർ മലയോര മേഖലകളിൽ ശക്തമായ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ ഇടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.