ബഹ്‌റൈനിൽ വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും തുടരാൻ സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
ബഹ്‌റൈനിൽ ഇന്ന് പുലർച്ചെയോടെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും അനുഭവപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളെയും കാര്യമായി ബാധിച്ചു. ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം രാജ്യം ഇപ്പോൾ കനത്ത കാലാവസ്ഥാ അസ്ഥിരതയിലാണ്. ഇന്ന് ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും ഈ സാഹചര്യം വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മോശം കാലാവസ്ഥയെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും സിവിൽ ഡിഫൻസും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മഴയുള്ളപ്പോൾ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കണമെന്നും ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കി സുരക്ഷിത പാതകൾ തിരഞ്ഞെടുക്കണമെന്നും അധികൃതർ അറിയിച്ചു. റോഡുകളിലെ വെള്ളക്കെട്ടുകളിലൂടെ വാഹനങ്ങൾ ഓടിക്കരുതെന്നും പകരം മറ്റ് വഴികൾ ഉപയോഗിക്കണമെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി.
കാറ്റിൽ വീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾക്ക് മുകളിലെ വസ്തുക്കൾ സുരക്ഷിതമായി ഉറപ്പിക്കണം. വലിയ മരങ്ങൾക്കും പരസ്യ ബോർഡുകൾക്കും താഴെ നിൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മഴയെത്തുടർന്ന് രാജ്യത്തെ പ്രധാന റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ന് മാർച്ച് 23 തിങ്കളാഴ്ച ആരംഭിച്ച ഈ കാലാവസ്ഥാ വ്യതിയാനം വരും ദിവസങ്ങളിലും തുടരുമെന്നതിനാൽ പ്രവാസികളടക്കമുള്ളവർ ജാഗ്രത പാലിക്കണം.
English Slug: Heavy rain and wind expected to continue in Bahrain until Friday; Authorities issue safety alerts.