ഖത്തറിൽ കനത്ത മഴ തുടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്
ഖത്തറിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദോഹ, അൽ ഹിലാൽ, അൽ വക്ര, നജ്മ, റാസ് ലഫാൻ, ലുസൈൽ, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ ഇടങ്ങളിൽ തുടർച്ചയായ മഴ രേഖപ്പെടുത്തി. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച അൽ വക്രയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (50 മില്ലിമീറ്റർ). ദോഹയിൽ 18.5 മില്ലിമീറ്ററും ഐൻ സ്നാൻ, റാസ് ലഫാൻ എന്നിവിടങ്ങളിൽ യഥാക്രമം 15.4 മില്ലിമീറ്ററും 14.9 മില്ലിമീറ്ററും മഴ ലഭിച്ചു.
രാജ്യത്തെ അന്തരീക്ഷം ഇപ്പോഴും മേഘാവൃതമായി തുടരുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തിരമാലകൾ 11 അടി വരെ ഉയർന്നേക്കാം. തെക്കുകിഴക്ക് - വടക്കുകിഴക്ക് ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവരും കടലിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ലഭ്യമായ കണക്കുകൾ പ്രകാരം ലുസൈലിലാണ് ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയത്. മഴയെത്തുടർന്ന് റോഡുകളിൽ ദൃശ്യപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും അധികൃതർ ആവശ്യപ്പെട്ടു.