യുഎഇയിൽ ഇന്നും നാളെയും കനത്ത മഴ; അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

 

അസ്ഥിര കാലാവസ്ഥയെ തുടർന്ന് യുഎഇയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യേഷ്യയിലുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് രാജ്യത്ത് പലയിടങ്ങളിലും കഴിഞ്ഞയാഴ്ച മുതൽ മഴ ലഭിക്കുന്നുണ്ടെങ്കിലും വ്യാഴാഴ്ച മുതൽ ഇതിന്റെ തീവ്രത വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ചയോടെ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നും ഇടിമിന്നലിനും കാറ്റിനും പുറമെ ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സൗദി അറേബ്യയിൽ വീശുന്ന ശക്തമായ കാറ്റ് രാത്രിയോടെ യുഎഇയിലേക്കും ഖത്തറിലേക്കും നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ പ്രവചിക്കുന്നു. തെക്കുകിഴക്ക് ഭാഗത്തുനിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റിൽ അന്തരീക്ഷത്തിൽ പൊടിയും മണലും ഉയരുന്നത് കാഴ്ചാപരിധി കുറയ്ക്കുമെന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും സർക്കാർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ഓർമ്മിപ്പിച്ചു.

മഴ കനക്കുന്ന സാഹചര്യത്തിൽ വാദികളിലോ വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളിലോ പോകുന്നത് അപകടകരമാണെന്നും അത്തരം യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കി. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സുരക്ഷ ഉറപ്പാക്കാനും പൊതുജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.