യുഎഇയിൽ കിഴക്കൻ, തെക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
യുഎഇയിലെ കിഴക്കൻ, തെക്കൻ മേഖലകളിൽ ഇന്ന് ഉച്ചയ്ക്കുശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാവിലെ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്കുശേഷം ചില പ്രദേശങ്ങളിൽ മേഘസാന്നിധ്യം വർധിച്ച് മഴയ്ക്ക് സാധ്യതയുണ്ട്.
മഴയ്‌ക്കൊപ്പം മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. ഇതോടെ ശക്തമായ പൊടിക്കാറ്റിനും കാഴ്ചപരിധി കുറയുന്നതിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉയർന്ന താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. അബുദബിയിൽ 32 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും ഷാർജയിൽ 31 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും ദുബൈയിൽ 33 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയും താപനില അനുഭവപ്പെടും.
അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.