ഗൾഫ് രാജ്യങ്ങളിൽ ഓഗസ്റ്റ് 6 വരെ മഴയ്ക്ക് സാധ്യത

 

ഗൾഫ് രാജ്യങ്ങളിൽ അടുത്ത ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. യുഎഇയിൽ ഓഗസ്റ്റ് 6 വരെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കിഴക്ക് നിന്നുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തെ തുടർന്ന് ഓഗസ്റ്റ് 2 മുതൽ 6 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർമേഘങ്ങൾ രൂപപ്പെടാനും തുടർന്ന് മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഫുജൈറയിലെ മസാഫിയിൽ ശക്തമായ മഴ ലഭിച്ചിരുന്നു. വേനൽക്കാലത്ത് അനുഭവപ്പെടുന്ന ഈ അപൂർവ മഴയ്ക്ക് കാലാവസ്ഥാ വ്യതിയാനങ്ങളും എൽ നിനോ പ്രതിഭാസവും സ്വാധീനം ചെലുത്തുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. ഓഗസ്റ്റ് ഒന്നിന് അബുദാബിയിലെ അൽ ശവാമെഖിൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയ കടുത്ത ചൂടിനിടയിലാണ് മഴ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

അതേസമയം, സൗദി അറേബ്യയിലും മഴ മുന്നറിയിപ്പ് തുടരുകയാണ്. അസീർ, ജാസാൻ, അൽ ബഹ, മക്കയിലെ മലയോര മേഖലകൾ, നജ്‌റാൻ എന്നിവിടങ്ങളിൽ വാരാന്ത്യം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഔദ്യോഗിക ആപ്പുകൾ വഴി സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഒമാനിലെ ഹജർ പർവതനിരകളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ അൽ ശർഖിയ, തെക്കൻ അൽ ശർഖിയ, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിലേക്ക് മഴമേഘങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ഒമാൻ അധികൃതർ നിർദേശം നൽകി.