ഒമാനിൽ ഡിസംബർ 20 വരെ മഴയ്ക്ക് സാധ്യത
ഒമാനിൽ ഡിസംബർ 20 വരെ ന്യൂനമർദം ശക്തമാകുമെന്നും, ഇതിന്റെ ഫലമായി മിക്ക ഗവർണറേറ്റുകളിലും മഴയുണ്ടാകുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഡിസംബർ 20 വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രവചനം. മഴയെത്തുടർന്ന് വാദികളിലും താഴ്വരകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ശക്തമായ വടക്കൻ കാറ്റിനും സാധ്യതയുണ്ട്.
നാളെ മുസന്ദം ഗവർണറേറ്റിൽ മേഘരൂപീകരണവും ഇടവിട്ട മഴയും ഉണ്ടാകുമെന്നും 10 മുതൽ 25 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോറിറ്റി അറിയിച്ചു. ബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന ഗവർണറേറ്റുകളിലേക്കും ഇതിന്റെ ആഘാതം എത്താൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മുസന്ദം, ബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്, ചിലപ്പോൾ ഇത് കനത്തതായിരിക്കുമെന്നും സി.എ.എ. അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങൾ:
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, മഴ സമയത്ത് വാദികൾ മുറിച്ചുകടക്കുന്നത് കർശനമായി ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. കടലിൽ പോകുന്നതിനു മുമ്പ് ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനുകളും സമുദ്ര മുന്നറിയിപ്പുകളും നിരീക്ഷിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു.