ഒക്ടോബർ മുതൽ ജനുവരി വരെ യുഎഇയിൽ അധിക മഴ സാധ്യത
ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ യുഎഇയിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. എന്നാൽ ഇത് പ്രളയത്തിനോ അതിതീവ്ര കൊടുങ്കാറ്റിനോ കാരണമാകുമെന്ന രീതിയിലുള്ള ഭീതി ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. 'എൽ നിനോ' പ്രതിഭാസമാണ് മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതെങ്കിലും കനത്ത മഴ പെയ്യാൻ മറ്റ് പ്രാദേശിക അന്തരീക്ഷ ഘടകങ്ങൾ കൂടി അനുകൂലമാകേണ്ടതുണ്ട്.
എൽ നിനോ കാരണം വൻ പ്രളയമുണ്ടാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും എൻസിഎമ്മിന്റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ നിർദേശിച്ചു. സീസൺ മാറ്റത്തിന്റെ ഭാഗമായി പകൽ താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും, രാത്രിയിൽ ആർദ്രത ഉയരുന്നതോടെ തീരദേശ മേഖലകളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.