യുദ്ധത്തിൽ പങ്കുചേർന്ന് ഹിസ്ബുള്ള, തിരിച്ചടിച്ച് ഇസ്രായേൽ; ലബനനിൽ ശക്തമായ വ്യോമാക്രമണം

 

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പ്രതികാരമായി ലബനനിലെ ഷിയാ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചു. ഇതോടെ മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടന്നു. പ്രതികാരമായി ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യം അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചു.

ലബനൻ തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ വൻ സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. ഹിസ്ബുള്ള വിക്ഷേപിച്ച മിസൈലുകൾ ഇസ്രായേലിലെ വിജനമായ സ്ഥലങ്ങളിലാണ് പതിച്ചതെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള കൂടി യുദ്ധത്തിൽ നേരിട്ട് പങ്കുചേർന്നത് പശ്ചിമേഷ്യയെ പൂർണ്ണ തോതിലുള്ള പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഹിസ്ബുള്ളയുടെ നീക്കത്തെ ലബനൻ പ്രധാനമന്ത്രി നവാഫ് സലാം രൂക്ഷമായി വിമർശിച്ചു. ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയാണെന്നും ഇത് ലബനന് മേൽ ആക്രമണം തുടരാൻ ഇസ്രായേലിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് അദ്ദേഹം എക്സിലൂടെ (X) ആവശ്യപ്പെട്ടു.