അജ്മാനിലും അതീവ ജാഗ്രത; മോശം കാലാവസ്ഥയിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി

 

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന മോശം കാലാവസ്ഥ കണക്കിലെടുത്ത് യാത്രാ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ പ്രവർത്തനങ്ങളുമായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി. പൊതുഗതാഗത സംവിധാനങ്ങളുടെയും ടാക്സി സർവീസുകളുടെയും പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി പ്രത്യേക ടീമുകളെ അതോറിറ്റി നിയോഗിച്ചു. തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതോടൊപ്പം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് നിലവിലെ ഓപ്പറേഷണൽ പ്ലാൻ നടപ്പിലാക്കുന്നത്.

നഗരത്തിലെ പ്രധാന പാതകളിലെ ഗതാഗത സാഹചര്യം തത്സമയം നിരീക്ഷിക്കാൻ അതോറിറ്റി സംവിധാനമൊരുക്കിയിട്ടുണ്ട്. മഴക്കെടുതികൾ മൂലമുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി ടാക്സി ഡ്രൈവർമാർക്കും ബസ് ജീവനക്കാർക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം തന്നെ അടിയന്തര സാഹചര്യങ്ങളിൽ സേവനം കാര്യക്ഷമമായി എത്തിക്കാനുള്ള ശ്രമത്തിലാണ് അതോറിറ്റി.

പൊതുജനങ്ങൾ കഴിയുന്നതും യാത്രകൾ പരിമിതപ്പെടുത്തണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ടാക്സികൾക്കും ബസുകൾക്കും നിലവിൽ നിയന്ത്രണങ്ങളില്ലെങ്കിലും കാലാവസ്ഥയിലെ മാറ്റങ്ങൾക്കനുസരിച്ച് സർവീസുകളിൽ മാറ്റം വന്നേക്കാം. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഓർമ്മിപ്പിച്ചു.

English Slug: Ajman Transport Authority intensifies efforts to manage traffic and ensure safety during inclement weather.