ഹിജ്റ പുതുവത്സരം: ഷാർജയിൽ നാളെ സൗജന്യ പാർക്കിങ്
Jun 14, 2026, 18:55 IST
ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ഷാർജയിൽ നാളെ (ജൂൺ 15 തിങ്കളാഴ്ച) സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. എന്നാൽ, നീല ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്മാർട്ട് പാർക്കിങ് സോണുകളിലും അവധിദിവസങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ ഏഴു ദിവസവും ഫീസ് ഈടാക്കുന്ന പ്രത്യേക പാർക്കിങ് കേന്ദ്രങ്ങളിലും ഈ ഇളവ് ലഭിക്കില്ലെന്ന് ഷാർജ നഗരസഭ വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ പതിവുപോലെ ഫീസ് നിരക്കുകൾ പുനരാരംഭിക്കും.
ഹിജ്റ പുതുവത്സരം പ്രമാണിച്ച് യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലും നാളെ വാഹനയാത്രികർക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിൽ മൾട്ടി സ്റ്റോറി പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെയുള്ള പൊതു പാർക്കിങ് ഇടങ്ങളിൽ നാളെ ഫീസ് ഈടാക്കില്ല. അബുദാബിയിൽ 'മവാഖിഫ്' പാർക്കിങ് സൗജന്യമായിരിക്കുമെന്നു മാത്രമല്ല, 'ദർബ്' ടോൾ ഗേറ്റുകളിലും നാളെ ചാർജ് ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു.