ഹിജ്റ വർഷാരംഭം: കുവൈത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു
രാജ്യത്ത് ഹിജ്റ വർഷാരംഭത്തോടനുബന്ധിച്ചുള്ള (ഇസ്ലാമിക് പുതുവർഷം) ഔദ്യോഗിക പൊതുഅവധി കുവൈത്ത് സർക്കാർ പ്രഖ്യാപിച്ചു. ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ ദുൽഹജ്ജ് മാസം 29 ദിവസമാണ് പൂർത്തിയാക്കുന്നതെങ്കിൽ ജൂൺ 16 ചൊവ്വാഴ്ചയായിരിക്കും രാജ്യത്ത് പൊതുഅവധി. തുടർന്ന് ജൂൺ 17 ബുധനാഴ്ച സർക്കാർ ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കും.
എന്നാൽ, ദുൽഹജ്ജ് മാസം 30 ദിവസങ്ങൾ പൂർത്തിയാക്കുകയാണെങ്കിൽ ജൂൺ 17 ബുധൻ, ജൂൺ 18 വ്യാഴം എന്നിങ്ങനെ രണ്ട് ദിവസങ്ങളിൽ പൊതുഅവധി ലഭ്യമാകും. ഈ സാഹചര്യത്തിൽ തൊട്ടുപിന്നാലെ വരുന്ന വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി (ജൂൺ 19, 20) എന്നിവയും ചേർന്ന് തുടർച്ചയായ നാല് ദിവസത്തെ അവധിയായിരിക്കും പൊതുജനങ്ങൾക്ക് ലഭിക്കുക. ഈ ദീർഘിച്ച അവധിക്ക് ശേഷം ഞായറാഴ്ചയായിരിക്കും ഓഫിസുകൾ പുനരാരംഭിക്കുക.
ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനമുണ്ടായത്. അവധി ദിനങ്ങളിൽ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും, സർക്കാർ ഏജൻസികളും, പൊതു സ്ഥാപനങ്ങളും പൂർണ്ണമായും അടഞ്ഞുകിടക്കും. എന്നാൽ, പ്രത്യേക പ്രവർത്തന സ്വഭാവമുള്ള അടിയന്തിര സേവന വിഭാഗങ്ങളും പൊതുതാൽപ്പര്യമുള്ള അവശ്യ സർവീസുകളും തടസ്സമില്ലാതെ തുടരുമെന്നും, അത്തരം സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് അവധി ഷെഡ്യൂളുകൾ ക്രമീകരിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.