ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തെ കുറിച്ച് വൈകാരിക സന്ദേശം പങ്കുവെച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

 

ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തെയും സാഹോദര്യത്തെയും കുറിച്ച് വൈകാരികമായ സന്ദേശം പങ്കുവെച്ച് യു.എഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഐക്യമെന്നാൽ അതിർത്തികൾ തുറന്നിടുക മാത്രമല്ല, ഹൃദയങ്ങൾ ഒന്നാവലാണെന്ന് ഓർമിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

കവി കൂടിയായ ദുബൈ ഭരണാധികാരി മനോഹരമായ ഒരു കവിതയുടെ രൂപത്തിലാണ് ഗൾഫ് ഐക്യത്തിനായുള്ള ഈ സന്ദേശം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഒരേ കടലിന് ചുറ്റിലും നിന്ന് കൊച്ചു പട്ടണങ്ങളിൽ നിന്ന് വൻ നഗരങ്ങളിലേക്ക് വളർന്നവരാണ് നാം എന്ന് സന്ദേശം ഓർമിപ്പിക്കുന്നു. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് വലിയ സ്വത്തുക്കളും സ്ഥാപനങ്ങളും വമ്പൻ മേളകളും കെട്ടിപ്പടുത്തതോടൊപ്പം മാനവികതയും പരസ്പര സ്നേഹവും നാം ഒരുമിച്ച് വളർത്തിയെടുത്തു. എന്നാൽ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബാഹ്യ അജണ്ടകളും തിരിച്ചറിയണമെന്നും കുറിപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

വ്യതിരിക്തതകളും തനതായ സ്വത്വവും പൂർണ്ണമായി നിലനിർത്തിക്കൊണ്ടുള്ള ഐക്യമാണ് ഗൾഫിന് വേണ്ടത്. ഐക്യമെന്നാൽ കേവലം സഹകരണവും അതിർത്തികൾ തുറന്നിടലും മാത്രമല്ല, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരേ തീരം പങ്കിടുന്ന സഹോദരങ്ങളാണ് നമ്മളെന്ന ആഴത്തിലുള്ള തിരിച്ചറിവാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കുന്നു.