ചരിത്രം വഴിമാറി; ആംഗ്ലിക്കൻ സഭയുടെ ആദ്യ വനിതാ പരമാധ്യക്ഷയായി സാറാ മലാലി അഭിഷിക്തയായി

 

ആംഗ്ലിക്കൻ സഭയുടെ 1400 വർഷത്തെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സാറാ മലാലി (Sarah Mullally) കാന്റർബറി ആർച്ച് ബിഷപ്പായി ബുധനാഴ്ച ഔദ്യോഗികമായി അഭിഷിക്തയായി. വില്യം രാജകുമാരൻ, കാതറീൻ രാജകുമാരി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ ചരിത്രമുഹൂർത്തം. ഓർത്തഡോക്സ് സഭയുടെയും വത്തിക്കാനിൽ നിന്നുള്ള മാർപാപ്പയുടെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

ബ്രിട്ടീഷ് രാജാവിനെയും രാജ്ഞിയെയും വാഴിക്കാൻ ചുമതലപ്പെട്ട കാന്റർബറി ആർച്ച് ബിഷപ്പ് പദവിയിൽ എത്തുന്ന ആദ്യ വനിതയാണ് സാറ. ലോകമെമ്പാടുമുള്ള പത്ത് കോടിയോളം വരുന്ന ആംഗ്ലിക്കൻ സഭാംഗങ്ങളുടെ പരമാധ്യക്ഷ കൂടിയാണ് അവർ. ഇതോടെ ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭയിലും (House of Lords) അവർ അംഗമായി മാറി. കഴിഞ്ഞ ജനുവരി മുതൽ തന്നെ സാറ ചുമതലകൾ വഹിച്ചു തുടങ്ങിയിരുന്നെങ്കിലും ഔദ്യോഗിക അഭിഷേകച്ചടങ്ങ് ഇപ്പോഴാണ് നടന്നത്.

അർബുദ രോഗികൾക്ക് സാന്ത്വനമേകുന്ന നഴ്‌സായി 37 വയസ്സുവരെ സേവനമനുഷ്ഠിച്ച ശേഷമാണ് സാറ ആത്മീയ വഴിയിലേക്ക് തിരിഞ്ഞത്. 40-ാം വയസ്സിൽ പുരോഹിതയായ അവർ, തന്റെ 63-ാം വയസ്സിൽ സഭയുടെ ഏറ്റവും ഉയർന്ന പദവിയിലെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സ്ത്രീശാക്തീകരണത്തിന്റെ വലിയൊരു അടയാളമായിട്ടാണ് ആഗോള ക്രൈസ്തവ സമൂഹം ഈ മാറ്റത്തെ നോക്കിക്കാണുന്നത്.

English Slug: Sarah Mullally consecrated as the first female Archbishop of Canterbury in Anglican history.