കുവൈത്തിൽ ഞായറാഴ്ച വരെ ചൂടുള്ള കാലാവസ്ഥ തുടരും; ശനിയാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കുവൈത്തിൽ ഞായറാഴ്ച വരെ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ ദിവസങ്ങളിൽ ഉയർന്ന താപനില 36 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ, പ്രത്യേകിച്ച് ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാത്രി സമയങ്ങളിൽ തീരപ്രദേശങ്ങളിൽ അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. രാത്രിയിലെ കുറഞ്ഞ താപനില 22 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. മണിക്കൂറിൽ 6 മുതൽ 28 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. വഫ്രയിലാണ് നിലവിൽ ഉയർന്ന താപനില അനുഭവപ്പെടുന്നത്. അതേസമയം അടുത്ത ആഴ്ചയോടെ താപനില കുറഞ്ഞ് രാജ്യം തണുപ്പുകാലത്തേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.