റിയാദിലേക്ക് വീണ്ടും ഹൂതി ആക്രമണം; ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചെന്ന് സൗദി അറേബ്യ

 

സൗദി അറേബ്യയിലെ റിയാദ് നഗരവും തെക്കൻ പ്രദേശങ്ങളും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ വ്യോമാക്രമണ ശ്രമങ്ങൾ സഖ്യസേന തകർത്തു. തെക്കൻ പ്രദേശം ലക്ഷ്യമാക്കി വിക്ഷേപിച്ച രണ്ട് ഡ്രോണുകളും റിയാദിന് നേരെ വന്ന ഒരു ബാലസ്റ്റിക് മിസൈലുമാണ് സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചത്.

യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് വാർത്ത പുറത്തുവിട്ടത്. റിയാദിലേക്കും തെക്കൻ അതിർത്തി പ്രദേശങ്ങളിലേക്കും ആക്രമണം നടത്താനുള്ള ശ്രമങ്ങൾ പ്രതിരോധ വ്യോമസേന കൃത്യമായി ചെറുത്തു തോൽപ്പിച്ചു. ഇതിനുപുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ മുൻപ ദിവസങ്ങളിൽ വിക്ഷേപിച്ച ഒമ്പത് ഡ്രോണുകളും ഒരു ബാലസ്റ്റിക് മിസൈലും സഖ്യസേന തടഞ്ഞു നശിപ്പിച്ചിരുന്നു. ആക്രമണ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ പ്രമുഖ എണ്ണ സംസ്കരണ കേന്ദ്രങ്ങളിലും നഗരങ്ങളിലും പ്രതിരോധ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.