റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരിക്കേറ്റ മലയാളി മുഹമ്മദ് റബ്ബാനിയുടെ ആരോഗ്യനിലയിൽ പുരോഗതി

 

റിയാദ് വിമാനത്താവളത്തിലേക്ക് ഒക്ടോബർ പത്തിന് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളിയുടെ ആരോഗ്യനിലയിൽ പുരോഗതി. പാലക്കാട് സ്വദേശി മുഹമ്മദ് റബ്ബാനി (29)യുടെ ആരോഗ്യനിലയാണ് മെച്ചപ്പെടുന്നത്. റിയാദ് വിമാനത്താവളത്തിലെ കരാർ ജീവനക്കാരനാണ് റബ്ബാനി.

കഴിഞ്ഞ ദിവസം റബ്ബാനിയുടെ ഇടതുകാലിലെ ശസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ തുടർന്നിരുന്ന റബ്ബാനിയെ ഇപ്പോൾ ബേൺ ഐസിയുവിലേക്ക് മാറ്റി. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ചികിത്സകൾ ഇനി പൂർത്തിയാക്കാനുണ്ട്. വരും ദിവസങ്ങളിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് വിവരം.

ഒക്ടോബർ പത്തിന് റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും നാല് സൗദി പൗരന്മാരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. 309 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 11 പേർ ഇന്ത്യക്കാരായിരുന്നു. ഇവരിൽ ചിലർ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. മറ്റുള്ളവരുടെ ചികിത്സയും ക്ഷേമവും സംബന്ധിച്ച കാര്യങ്ങൾ ഇന്ത്യൻ എംബസിയും കോൺസുലേറ്റും ബന്ധപ്പെട്ട അധികൃതരും നിരീക്ഷിച്ചുവരികയാണ്.