റിയാദ് ടവറിന് നേരെയുള്ള ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് ജി.സി.സി
സൗദി തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ (KAFD) ടവറിന് നേരെയുണ്ടായ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു. ഹൂതികൾ നടത്തിയ ഭീകരാക്രമണമാണിതെന്ന് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സൗദി അറേബ്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റവും മേഖലയിലെ സംഘർഷം ആളിക്കത്തിക്കുന്ന നടപടിയുമാണിതെന്ന് അൽ ബുദൈവി ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ ജീവനും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിടുന്നതിലൂടെ ഗൾഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കാനാണ് ഹൂതികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതികൾ ചുമത്തുന്നതിനും തുടർ ഭീഷണികൾ തടയുന്നതിനും അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങളിൽ കർശന നടപടി സ്വീകരിക്കാത്തത് കൂടുതൽ ആക്രമണങ്ങൾക്ക് പ്രോത്സാഹനമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജി.സി.സി രാജ്യങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും, സൗദി പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും ജാസിം അൽ ബുദൈവി ആവർത്തിച്ചു വ്യക്തമാക്കി.