ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതി ആക്രമണം; കപ്പൽ സുരക്ഷിതം, തിരിച്ചടിച്ച് സഖ്യസേന

 

ചെങ്കടലിൽ സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'എൻ.സി.സി മാസ' എന്ന വാണിജ്യ കപ്പലിന് നേരെ ഹൂത്തി ആക്രമണം. ആക്രമണത്തിൽ കപ്പലിന്റെ പുറംഭാഗത്തിന് നിസ്സാര കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് അറിയിച്ചു. കപ്പൽ യാത്ര തുടർന്നു.

ആക്രമണത്തിന് പിന്നാലെ ഹുദൈദയിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സഖ്യസേന ശക്തമായ തിരിച്ചടി നൽകിയതായി ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽമാലിക്കി വ്യക്തമാക്കി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിച്ചുകൊണ്ട്, ഭീഷണിയുയർത്തിയ കൃത്യമായ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ആക്രമണ ദൗത്യം വിജയകരമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഹുദൈദ തുറമുഖത്തിന് നേരെ സഖ്യസേന ആക്രമണം നടത്തിയെന്ന പ്രചാരണം അദ്ദേഹം തള്ളി. ഹുദൈദ, റഅസ് ഈസ, സലീഫ് ഉൾപ്പെടെയുള്ള എല്ലാ യെമനി തുറമുഖങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ടെന്നും സൗദിയുടെ താൽപ്പര്യങ്ങളും കപ്പലുകളുടെ സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്നും വക്താവ് കൂട്ടിച്ചേർത്തു.