ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം
ചെങ്കടലിൽ സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ മിസൈൽ-ഡ്രോൺ ആക്രമണം. പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെയാണ് ഹൂതികൾ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. തങ്ങൾ ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചെന്ന് ആരോപിച്ചാണ് സൗദിയുടെ 'എൻസെലിയ', 'ലൈല' എന്നീ കപ്പലുകളെ ലക്ഷ്യമിട്ടതെന്ന് ഹൂതികൾ വ്യക്തമാക്കി.
ബാബ് അൽ-മന്ദെബ് കടലിടുക്കിന് സമീപമാണ് സംഭവം. എൻസെലിയ കപ്പലിന് നേരെ ആക്രമണമുണ്ടായെന്നും കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായെന്നും സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി സ്ഥിരീകരിച്ചു. എന്നാൽ ജീവനക്കാരെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സൗദി കപ്പലുകൾക്ക് ഹൂതികൾ വിലക്കേർപ്പെടുത്തിയ ശേഷമുള്ള ആദ്യ ആക്രമണമാണിത്.
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഉപരോധം ശക്തമായതോടെ എണ്ണ നീക്കത്തിനായി സൗദി പ്രധാനമായും ആശ്രയിച്ചിരുന്നത് ബാബ് അൽ-മന്ദെബ് വഴിയുള്ള പാതയെയായിരുന്നു. അതേസമയം, ഇറാനിലെ സൈനിക കേന്ദ്രങ്ങളും മിസൈൽ-ഡ്രോൺ സംഭരണശാലകളും ലക്ഷ്യമിട്ടുള്ള യു.എസ് വ്യോമാക്രമണം തുടർച്ചയായ 12-ാം ദിവസവും ശക്തമായി തുടരുകയാണ്.