റിയാദ് ഉൾപ്പെടെയുള്ള സൗദി നഗരങ്ങൾക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; സഖ്യസേന തകർത്തു
സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്, ഖമീസ് മുശൈത്ത്, അബഹ എന്നിവിടങ്ങൾ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ സൗദി സഖ്യസേന വിജയകരമായി പ്രതിരോധിച്ചു. തിങ്കളാഴ്ച ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വീണ്ടും മിസൈൽ ആക്രമണം ഉണ്ടായത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിയാദിലെ സ്കൂളുകൾ വീണ്ടും ഓൺലൈൻ പഠനരീതിയിലേക്ക് മാറ്റി. പ്രദേശത്തെ ഇന്ത്യൻ സ്കൂളുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറും.
അതേസമയം, യമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേനയും യമൻ സൈന്യവും ശക്തമായ തിരിച്ചടി നൽകി. നൂറിലേറെ ആക്രമണങ്ങൾ നടന്നതായി ഹൂതികൾ സ്ഥിരീകരിച്ചു. ഹൂതികളുടെ മിസൈൽ നിർമാണ ഫാക്ടറിയും കെമിക്കൽ ഫാക്ടറിയും തകർത്തതായി സൗദി സഖ്യസേന അറിയിച്ചു.
യമനിലെ തയിസ്, ലഹിജ്, അൽ ജൗഫ്, മാരിബ് തുടങ്ങിയ മേഖലകളിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. പ്രധാനപ്പെട്ട ചില തന്ത്രപ്രധാന മേഖലകൾ യമൻ സർക്കാർ സൈന്യം തിരിച്ചുപിടിച്ചു. ഒരു ദിവസത്തെ പോരാട്ടത്തിൽ 127 ഹൂതി പോരാളികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി യമൻ സൈന്യം അവകാശപ്പെട്ടു.