ചെങ്കടലിൽ കപ്പലിന് നേരെ ഹൂതി മിസൈലാക്രമണം; നാല് നാവികർ കൊല്ലപ്പെട്ടു

 

ചെങ്കടലിൽ സൗദി തുറമുഖത്തിന് സമീപം ബാബുൽ മൻദിബ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ 4 നാവികർ കൊല്ലപ്പെട്ടു. ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള 'തിഹാമ' എന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവർ പാകിസ്താൻ, ഇന്തോനേഷ്യൻ പൗരന്മാരാണ്. ചെങ്കടലിൽ സൗദിക്കെതിരെ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇത്തരത്തിൽ ജീവനക്കാർ കൊല്ലപ്പെടുന്നത്.

അതിനിടെ, ഒമാൻ ഉൾക്കടലിൽ വെലാ നോവ എന്ന ചരക്കുകപ്പലിന് നേരെ പാകിസ്താൻ തീരത്തിന് സമീപം വെച്ച് യു.എസ് ഹെലികോപ്റ്ററിൽ നിന്ന് മിസൈലാക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവത്തിൽ യു.എസ് സെൻട്രൽ കമാൻഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, മേഖലയിലെ സമാധാന ചർച്ചകളുടെ ഭാഗമായി പാകിസ്താൻ ആഭ്യന്തരമന്ത്രി മുഹ്സിൻ നഖ്‌വി ടെഹ്റാനിലെത്തി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാന്റെ നഷ്ടപരിഹാര ആവശ്യങ്ങൾക്ക് മറുപടിയായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തിരിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.