യമനിലെ ഏയ്ഡൻ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ ആക്രമണം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ
യമനിലെ ഭരണസിരാകേന്ദ്രമായ പ്രസിഡന്ഷ്യല് പാലസിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഏയ്ഡനിലെ വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികളുടെ ഭീകരാക്രമണം. റണ്വേയ്ക്ക് സമീപം, ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന് 500 മീറ്റര് അകലെയാണ് മിസൈലുകൾ പതിച്ചത്. കെയ്റോയിലേക്ക് പോകാനിരുന്ന വിമാനമാണ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 151 യാത്രക്കാരും സുരക്ഷിതരാണെന്ന് യമന് സര്ക്കാര് വ്യക്തമാക്കി.
രണ്ട് മിസൈലുകളാണ് വിമാനത്താവളത്തില് പതിച്ചതെന്ന് സൗദി വിവരസാങ്കേതിക സാംസ്കാരിക മന്ത്രി മൊമ്മര് അല് ഇരിയാനി എക്സിലൂടെ അറിയിച്ചു. ഈജിപ്തിലേക്ക് യാത്രയ്ക്കൊരുങ്ങിയ ഫ്ളൈറ്റ് 612ന് സമീപം റണ്വേയുടെ മധ്യത്തില് നിന്നും നൂറു മീറ്റര് അകലെയാണ് മിസൈല് പതിച്ചത്. ഇത് യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ജീവന് ഭീഷണി ഉയര്ത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഹൂതികള് ആക്രമണം കടുപ്പിച്ച സാഹചര്യത്തില് യമന് സര്ക്കാര് സേന മാരിബ് പ്രവിശ്യയില് മുന്നേറ്റം നടത്തിയിട്ടുണ്ട്. സൗദിയെ ലക്ഷ്യമിട്ട് ഹൂതികള് നടത്തിയ മിസൈല് ആക്രമണങ്ങൾ സഖ്യസേന പ്രതിരോധിക്കുകയും, ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ തിരിച്ചടി നൽകുകയും ചെയ്തു. ഹോര്മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറുകളുടെ യാത്രയും കൂടുതല് പ്രതിസന്ധിയിലായിട്ടുണ്ട്.