ഹൂതികൾ തുറന്നത് 'അടക്കാനാവാത്ത വാതിൽ'; കടുത്ത മുന്നറിയിപ്പുമായി സൗദി

 

യെമനിലെ ഹൂതി വിമതരുടെ തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ. ഹൂതികൾ സ്വയം തുറന്നത് 'അടക്കാനാവാത്ത വാതിലാണെന്ന്' സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ മോസ്കോയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയിലും താത്പര്യങ്ങളിലും യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും, സായുധ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി മോസ്‌കോയിൽ നടത്തിയ ഔദ്യോഗിക ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം താല്പര്യങ്ങൾക്കായി യെമനിലെ ജനങ്ങളുടെ ജീവിതം ഹൂതികൾ ബലിയാടാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, നയതന്ത്ര മാർഗ്ഗങ്ങളിലൂടെയുള്ള സമാധാനപരമായ പരിഹാരങ്ങൾക്കുള്ള വാതിലുകൾ ഇപ്പോഴും തുറന്നുകിടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെക്കൂടി ബാധിക്കുമെന്നും സാധാരണക്കാരുടെ ജീവന് ഭീഷണിയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അഭിപ്രായപ്പെട്ടു. യെമനിൽ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് റഷ്യയുടെ പിന്തുണ അദ്ദേഹം ഉറപ്പുനൽകി. കൂടാതെ, ഒപെക് പ്ലസ് (OPEC+) സഖ്യത്തിലൂടെ ആഗോള എണ്ണ വിപണിയിൽ സ്ഥിരത ഉറപ്പാക്കുന്നതിൽ സൗദി-റഷ്യൻ സഹകരണം നിർണായകമാണെന്നും ഇരു നേതാക്കളും ചർച്ചയിൽ വിലയിരുത്തി.