ചെങ്കടലിന്റെ നിയന്ത്രണം പിടിച്ച് ഹൂതികൾ; ക്രൂഡ് പൈപ്പ്‌ലൈൻ അടച്ച് സൗദി, എണ്ണവില കുതിക്കുന്നു
ചെങ്കടൽ മേഖലയിൽ ഹൂതി ആക്രമണം ശക്തമായതോടെ പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം രൂക്ഷമാകുന്നു. സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്ന് പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മുതൽ റിയാദ്, മദീന മേഖലകൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്നാണ് ഡ്രോണുകൾ എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അബ്ഖൈഖ് എണ്ണപ്പാടങ്ങളിൽനിന്ന് ചെങ്കടൽ തുറമുഖമായ യാൻബുവിലേക്ക് പ്രതിദിനം 50 ലക്ഷം മുതൽ 70 ലക്ഷം ബാരൽവരെ എണ്ണ കൊണ്ടുപോകുന്ന 750 മൈൽ നീളമുള്ള പ്രധാന പാതയാണിത്. ഇതിനുപുറമേ, ചെങ്കടലിന്റെ പ്രവേശന കവാടത്തിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് വെള്ളിയാഴ്ച ഹൂതി സേന പിടിച്ചെടുത്തതും പ്രതിസന്ധി വർധിപ്പിച്ചു. വ്യാഴാഴ്ച യെമെനിലെ മോഖ നഗരം പിടിച്ചെടുത്ത ഹൂതികൾ, ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനം കടന്നുപോകുന്ന ബാബ് എൽ മാണ്ടെബ് കടലിടുക്കിന്റെ 80 കിലോമീറ്റർ അടുത്തെത്തി. യെമെൻ തീരത്തിന്റെയും കടലിടുക്കിന്റെയും നിയന്ത്രണം കൈവശപ്പെടുത്തിയതായി ഹൂതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോർമുസിന് ബദലായ സമുദ്രപാതയും അടഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 മുതൽ 110 ഡോളർ വരെ ഉയർന്നു. യു.എസിൽ ഡീസൽ വില ഗാലന് ചരിത്രത്തിലെ ഉയർന്ന നിരക്കായ 6.05 ഡോളറിലെത്തി. അതിനിടെ, ഹൂതികളുടെ മുന്നേറ്റത്തെ പ്രശംസിച്ച ഇറാൻ, സൗദിയുടെ യെമെൻ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഗൾഫ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിക്കാൻ ഒമാൻ നീക്കം തുടങ്ങിയിട്ടുണ്ട്.