സൗദിയിൽ വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റം; ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ തുറക്കും

 

സൗദി അറേബ്യയുടെ വിദ്യാഭ്യാസ മേഖലയിൽ വൻ വികസന പദ്ധതികൾ തുടരുന്നു. ഈ വർഷവും രാജ്യത്തൊട്ടാകെ നൂറിലേറെ പുതിയ സ്‌കൂളുകൾ തുറക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മാത്രം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ 120 പുതിയ സ്‌കൂളുകൾ സൗദിയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രാജ്യത്ത് നിക്ഷേപം നടത്താൻ അനുമതി നൽകിയതോടെ സ്വദേശി-വിദേശി സ്‌കൂളുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ വർഷം മുതൽ ഇതുവരെ 199 വിദേശ കമ്പനികൾക്കാണ് പുതിയ സ്‌കൂളുകൾ ആരംഭിക്കുന്നതിനായി ലൈസൻസ് നൽകിയിരിക്കുന്നത്. ഈ കമ്പനികൾക്ക് കീഴിൽ വരും വർഷങ്ങളിൽ നിരവധി അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാലയങ്ങൾ പ്രവർത്തനസജ്ജമാകും. ബ്രിട്ടനിലെ ഷെർബോൺ, ബക്ക്‌സ്വുഡ്, റീഗേറ്റ് ഗ്രാമർ തുടങ്ങിയ പ്രശസ്തമായ വിദേശ സ്‌കൂളുകളുടെ ബ്രാഞ്ചുകൾ ഇതിനകം റിയാദിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. നിലവിൽ 143 വിദേശ ഇന്റർനാഷണൽ സ്‌കൂളുകളാണ് സൗദിയിലുള്ളത്. ഇവയിൽ ഭൂരിഭാഗവും ബ്രിട്ടീഷ്, അമേരിക്കൻ, ഐബി പാഠ്യപദ്ധതികളാണ് പിന്തുടരുന്നത്.

പുതുതായി വരുന്ന സ്‌കൂളുകളിൽ ഭൂരിഭാഗവും റിയാദ്, ജിദ്ദ, മക്ക, മദീന, കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പുതിയ സ്‌കൂളുകൾ വരുന്നതോടെ വിദേശികൾക്കും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്രവാസികൾക്കൊപ്പം ആശ്രിത വിസയിലുള്ളവർക്കും അജീർ (Ajeer) വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കി യോഗ്യതക്കനുസരിച്ച് ഇത്തരം ജോലിയിൽ പ്രവേശിക്കാനാകും. രാജ്യത്തെ ആകെ സ്‌കൂളുകളുടെ എണ്ണം 31,000 കടന്നിരിക്കുകയാണ്. ഇതിൽ 86 ശതമാനവും സർക്കാർ സ്‌കൂളുകളാണെങ്കിലും ഇവയുടെ ഗുണനിലവാരം ഉയർത്തുന്നതിനായി പലതും സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിലും വിദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാകും.