'എനിക്ക് നിരവധി ഭീഷണികളുണ്ട്'; രഹസ്യമായി വിമാനം മാറിക്കയറിയത് സ്ഥിരീകരിച്ച് ട്രംപ്

 

തുർക്കിയിൽ നടന്ന ഉച്ചകോടിക്കിടെ സുരക്ഷാ ഭീഷണിയെത്തുടർന്ന് രഹസ്യമായി വിമാനം മാറി യാത്ര ചെയ്തതായി സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സീക്രട്ട് സർവീസിന്റെയും സൈന്യത്തിന്റെയും നിർദേശപ്രകാരമാണ് വിമാനം മാറിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എനിക്ക് നിരവധി ഭീഷണികളുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന ഒരു പ്രസിഡന്റിന് ഇത്തരം വെല്ലുവിളികൾ സ്വാഭാവികമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഒഹായോയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തർ സമ്മാനിച്ച അത്യാധുനിക ബോയിങ് 747-8 വിമാനത്തിലാണ് ട്രംപ് ആദ്യം യാത്ര ചെയ്യാനിരുന്നത്. എന്നാൽ സുരക്ഷാ ഭീഷണി ഉയർന്നതോടെ പഴയ എയർഫോഴ്‌സ് വണ്ണിലേക്കും തുടർന്ന് അതിരഹസ്യമായി സി-32എ എന്ന ചെറിയ വിമാനത്തിലേക്കും മാറ്റുകയായിരുന്നു. ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോകുന്ന കണ്ടെയ്നറിലേറ്റിയാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളിൽ നിന്നുള്ള ഭീഷണിയെത്തുടർന്നാണ് നടപടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും വിമാനമാറ്റം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞില്ലെന്നും ട്രംപ് പ്രതികരിച്ചു. ബ്രിട്ടനിൽ എത്തിയപ്പോൾ ട്രംപ് പഴയ ബോയിങ് വിമാനത്തിൽ നിന്നാണ് പുറത്തുവന്നത്.