‘ഇന്ത്യക്കാരിയായി ജന്മനാട്ടിൽ മരിക്കണം’; അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാൻ കളക്ടറുടെ സഹായം തേടി 94-കാരി

 

യുവതലമുറ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാൻ പരമാവധി ശ്രമിക്കുമ്പോൾ, ജന്മനാട്ടിൽ ഇന്ത്യക്കാരിയായി അന്ത്യവിശ്രമം കൊള്ളാൻ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് 94-കാരി. ആന്ധ്രാപ്രദേശിലെ ബപട്‌ലയിലാണ് വേറിട്ട ഈ സംഭവം. ചിന്താഗുപാല ഗ്രാമവാസിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ എന്ന വയോധികയാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നതിനുള്ള നിയമസഹായം തേടി ജില്ലാ കളക്ടറെ സമീപിച്ചത്.

ഭർത്താവിന്റെ മരണശേഷമാണ് മഹാലക്ഷ്മമ്മ കാൻസർ ചികിത്സാ വിദഗ്ദ്ധനായ മകനൊപ്പം താമസിക്കാൻ അമേരിക്കയിലേക്ക് പോയത്. 2000 ജൂലൈയിൽ ഇവർക്ക് യു.എസ് പൗരത്വവും ലഭിച്ചു. രണ്ട് പതിറ്റാണ്ടോളം അമേരിക്കയിൽ കഴിഞ്ഞ ശേഷം 2018-ലാണ് ഇവർ നാട്ടിൽ തിരിച്ചെത്തുന്നത്. എങ്കിലും പൗരത്വം ഉപേക്ഷിച്ചിരുന്നില്ല.

പ്രായം വർദ്ധിക്കുകയും ശാരീരിക അസ്വാസ്ഥ്യങ്ങൾ കൂടുകയും ചെയ്തതോടെയാണ് ശേഷിക്കുന്ന കാലം പൂർണ്ണമായും ഇന്ത്യക്കാരിയായി ജീവിക്കണമെന്നും ജന്മനാട്ടിൽ തന്നെ മരിക്കണമെന്നുമുള്ള ആഗ്രഹം ഇവർ പ്രകടിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച കളക്ടറേറ്റിലെത്തിയ ഇവർ കളക്ടറുടെ സാന്നിധ്യത്തിൽ പൗരത്വം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി.